Thursday, January 10, 2008

മനസ്സിനൊപ്പം മിഥുന്‍ മാധവന്‍


(ക‌ര്ടെസീ:വെബ് ദുനിയാ)

വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍-മോഹന്‍ ലാല്‍ ടീം ഒന്നിച്ചപ്പോള്‍ പ്രേഷകര്‍ പ്രതീക്ഷിച്ചത് ലഭിച്ചു- ഒരുനല്ല ചിത്രം! കുടുംബ സദസ്സുകളുടെ അംഗീകാരം നേടി ഫ്ലാഷ് മുന്നോട്ട് യാത്ര തുടരുന്നു.
പരസ്യങ്ങളിലും മാധ്യമ പ്രചാരണ തന്ത്രങ്ങളിലും നിറഞ്ഞത്രയും മഹത്വം ഇല്ല എങ്കിലും ഫ്ലാഷിന് അതിന്‍റേതായ തിരയിളക്കം സൃഷ്ടിക്കാനായി. ഒരേ സമയം സൈക്കോ ത്രില്ലറെന്നും ക്രൈം ത്രില്ലറെന്നും വിശേഷിപ്പിക്കാവുന്ന ഫ്ലാഷ് പ്രേക്ഷകരെ ബോറടിപ്പിക്കില്ല. നല്ലൊരു കഥയും അതിനുപരി നല്ലൊരു തിരക്കഥയും മലയാളത്തിന് സമ്മാനിച്ചതില്‍ മാധ്യമ പ്രവര്‍ത്തകനായ ഭാസുര ചന്ദ്രന് അഭിമാനിക്കാം.
ധ്വനി (പാര്‍വതി) ജനിച്ചതും വളര്‍ന്നതുമെല്ലാം ചൈന്നൈ എന്ന മഹാ നഗരത്തിലായിരുന്നു. ഇപ്പോള്‍ അവള്‍ പഠിക്കുന്നത് കേരളത്തിലെ ഒരു എഞ്ചിനയറിംഗ് കോളജിലാണ്. താമസിക്കുന്നത് കുടുംബ വീടായ കളരിത്തൊടി തറവാട്ടിലാണ്. അപ്പൂപ്പനും (മണിവര്‍ണ്ണന്‍) അമ്മാവന്‍‌മാരും അമ്മാവിമാരും താമസിക്കുന്ന കുടുംബത്തില്‍. അവളുടെ അച്ഛന്‍ ശേഖരന്‍ (സാ‍യ്‌കുമാര്‍) ചെന്നൈയിലെ വ്യവസായ പ്രമുഖനാണ്. എന്തിനാണ് ഇദ്ദേഹം മകളെ കുടുംബ വീട്ടില്‍ ആക്കിയത്?
അമ്മാവന്‍റെ മകള്‍ വീണയും ഡ്രൈവര്‍ ബാലുവുമായി അരുതാത്ത എന്തോ ബന്ധമുണ്ടെന്ന് ധ്വനി മനസ്സിലാക്കുന്നു. ഇതിനെ ചോദ്യം ചെയ്ത ധ്വനി ദേഷ്യത്തില്‍ വീണയെ അടിക്കുക്ക പോലും ചെയ്തു. ബാലുവും വീണയും തമ്മില്‍ പ്രണയത്തിലാണെന്ന് വെളിപ്പെട്ടത് ബാലുവിനെ പിരിച്ചു വിടുന്നതില്‍ കലാശിക്കുന്നു. ഈ പ്രശ്നത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ധ്വനിയോട് ദ്വേഷ്യം തോന്നുന്നു എങ്കിലും അപ്പൂപ്പന്‍ അവളുടെ കൂടെത്തന്നെയായിരുന്നു.
എന്നാല്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ അമ്പരിപ്പിക്കുന്നവയായിരുന്നു. ധ്വനിയുടെ സ്വഭാവത്തില്‍ ആകെപ്പാടെ ഒരു മാറ്റം! അവള്‍ക്ക് എത്ര കഴുകിയാലും കൈകള്‍ വൃത്തിയായില്ല എന്ന ഒരു തോന്നല്‍. കൈയ്യിലെ രക്തക്കറ മാറില്ല എന്ന ഒരു ആത്മഗതവും! യോഗ്യതയ്ക്ക് അനുസൃതമല്ലാത്ത ജോലിക്ക് അപേക്ഷ നല്‍കുകയും അവളുടെ രീതിയായി.ഈ അവസരത്തിലാണ് അവളെ സ്നേഹിക്കുന്ന അവളുടെ കസിന്‍, പ്രിയന്‍റെ രംഗ പ്രവേശം. പ്രിയന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ധ്വനി ‘ഇന്‍ഫിനിറ്റി വിഷ്വല്‍ മാജിക്ക്’ ല്‍ അപേക്ഷ നല്‍കിയത്. അവിടെ ജോലിക്കെത്തിയ ധ്വനി, സി‌ഇ‌ഒ മിഥുന്‍ മാധവനെ(ലാല്‍) പരിചയപ്പെടുന്നു. മനോരോഗ വിദഗ്ധന്‍, കളരിപ്പയറ്റില്‍ അഗ്രഗണ്യന്‍, ഐടി വിദഗ്ധന്‍ അങ്ങനെ പലതുമായ മിഥുന്‍ മാധവനുമായി ധ്വനി കണ്ടുമുട്ടുന്നതോടെ കഥയ്ക്ക് പുതിയൊരു തിരിവുണ്ടാവുകയാണ്.
അനായാസ അഭിനയം എന്തെന്ന് മിഥുന്‍ മാധവനിലൂടെ കാണിച്ചു തരാന്‍ മോഹന്‍ ലാലിന് കഴിഞ്ഞു. കഥാപാത്രത്തെ അങ്ങേയറ്റം നന്നാക്കാന്‍ ലാലിനായി. നോട്ട് ബുക്കിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പാര്‍വതിയും കഥാപാത്രത്തോട് നീതി പുലര്‍ത്തി.
തമിഴ് നടനായ പൊന്‍‌വര്‍ണ്ണന്‍ ധ്വനിയുടെ മുത്തച്ഛന്‍റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. മിഥുന്‍ മാധവന്‍റെ വലം കൈയ്യായ ഐഡിയ ശശിയുടെ റോള്‍ ജഗതി സ്വാഭാവികതയോടെ കൈകാര്യം ചെയ്തു. എന്നാല്‍, ഈ കഥാപാത്രത്തെ കുറച്ചു ഭാഗത്തായി ഒതുക്കി എന്ന വിമര്‍ശനം ഉയര്‍ന്നേക്കാം.
പ്രിയനായി ഇന്ദ്രജിത്തും ധ്വനിയുടെ അമ്മാവന്‍‌മാരായി പി ശ്രീകുമാര്‍, ജഗദ്ദീഷ്, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജേക്കബ് ചാണ്ടിയായി രംഗത്ത് എത്തുന്നത് സിദ്ധിഖാണ്.
സാജന്‍ കളത്തിലാണ് ഛായാഗ്രഹണം. പാട്ടുകള്‍ ആകര്‍ഷണീയമെന്ന് പറയാനാവില്ല. എന്നാല്‍, പുതുമ ഒന്നും നല്‍കാനില്ല എങ്കിലും നല്ലരീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ത്രില്ലര്‍ തന്നെയാണ് ഫ്ലാഷ്.

No comments: