Friday, November 16, 2007

ഡല്‍ഹി വിശേഷങ്ങളുമായി നേഹ


ബോളിവുഡില്‍ പുതിയ തരംഗമാണ് ഡല്‍ഹി ഹൈറ്റ്സ് എന്ന സിനിമ. ഈ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അനശ്വരമാക്കിയതിന്‍റെ ആവേശത്തിലാണ് സൂപ്പര്‍താരം നേഹാ ധൂപിയ. ഡെല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തെ പോലെ നേഹയും ഒരു ഡല്‍ഹിക്കാരിയാണ്.“ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്. ഞാനും ഒരു ഡല്‍ഹിക്കാരിയാണ്. അതുകൊണ്ടു തന്നെ ഈ കഥാപാത്രത്തെ പെട്ടെന്ന് മനസിലാക്കാനും ഉള്‍ക്കൊള്ളാനും എനിക്കു സാധിച്ചു. കഥാപാത്രത്തിന്‍റെ വിജയത്തിന് ഇതൊരു കാരണമാണ്“ നേഹ പറയുന്നു.എന്നാല്‍ ഡല്‍ഹി സ്വദേശിനി എന്ന ലേബല്‍ കൂടെ കൊണ്ടു നടക്കാന്‍ നേഹയ്‌ക്ക് ഇഷ്‌ടമല്ല. എവിടെ ചെന്നാലും അവിടം സ്വന്തം നാടാക്കുന്ന പ്രകൃതക്കാരിയാണ് താരം. ഇപ്പോള്‍ മുംബൈ‌യില്‍ താമസിക്കുന്ന നേഹ, ഡല്‍ഹിയും മുംബൈ‌യും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും ബോധവതിയാണ്.“മുംബൈ‌യുടെയും ഡല്‍ഹിയുടെയും സംസ്കാരം വിഭിന്നമാണ്. സിനിമാഷൂട്ടിംഗിന്‍റെ കാര്യമെടുത്താല്‍, മുംബൈയില്‍ അതൊരു സാധാരണ കാര്യമാണ്. ഡല്‍ഹിയില്‍ അങ്ങനെയല്ല. നമ്മള്‍ ക്യാമറയും ഉപകരണവുമായി ചെന്നിറങ്ങുമ്പോഴേ ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ആള്‍ക്കൂട്ടം രൂപം കൊള്ളുകയും ചെയ്യുന്നു.”ഇതു വരെ ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന തനിക്ക് ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രം ഒരു വഴിത്തിരിവാകുമെന്ന് നേഹ കരുതുന്നു. ശിവാജി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രഭു നിര്‍മ്മിച്ച ഡല്‍ഹി ഹൈറ്റ്സ് ആനന്ദ്‌കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിമ്മി ഷെര്‍ഗിലും മാധവനും ഓം‌പുരിയും പ്രധാന താരങ്ങളാണ്.

No comments: