Saturday, December 15, 2007

ആയിരം പ്രിന്റുകളുമായി ദശാവാതാരം








(കര്ടെസി:വന് ഇംഡിയാ)

മൂവായിരത്തോളം പ്രിന്റുകളുമായാണ് പല ഹോളിവുഡ് ചിത്രങ്ങളും ആഗോള റിലീസിംഗ് നടത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി വിപണി കണ്ടെത്തിക്കഴിഞ്ഞ ബോളിവുഡ് സിനിമയും ആഗോള വിപണി വെട്ടിപ്പിടിക്കുകയാണ്. റെക്കോഡ് വിജയമായ ഓം ശാന്തി ഓം രണ്ടായിരം പ്രിന്റുകളാണ് പുറത്തിറക്കിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഓസ്ത്രേലിയയിലുമൊക്കെ ബോളിവുഡ് സിനിമക്ക് ഇപ്പോള്‍ മാര്‍ക്കറ്റുണ്ട്. ബോളിവുഡിനോളം വരില്ലെങ്കിലും ജപ്പാനിലും ശ്രീലങ്കയിലുമൊക്കെ തമിഴ് സിനിമക്ക് പ്രേക്ഷകരുണ്ട്. ആഗോള റിലീസിംഗ് നടത്തി കോടികള്‍ കൊയ്യുന്ന ബോളിവുഡ് പ്രിന്റുകളുടെ കാര്യത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുമ്പോള്‍ തമിഴും മോശമാവരുതല്ലോ. കമലഹാസന്റെ ബ്രഹ്മാണ്ഡ സിനിമയായ ദശാവതാരം ആയിരം പ്രിന്റുകളുമായാണ് റിലീസ് ചെയ്യുന്നത്. ശിവാജിയിലൂടെ രജനീകാന്ത് നടത്തിയ ആഗോള മാര്‍ക്കറ്റിംഗിനെ കടത്തിവെട്ടുന്ന തരത്തിലാണ് ദശാവതാരത്തിന്റെ വരവ്. അറുപത് കോടി രൂപയാണ് ദശാവതാരത്തിന്റെ നിര്‍മാണ ചെലവ്. ബോളിവുഡ് സിനിമയെ കിടപിടിക്കുന്ന ബജറ്റും സാങ്കേതിക പരീക്ഷണങ്ങളുമായി പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് കമലഹാസന്‍. കമലഹാസന്‍ പത്ത് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.എസ്.രവികുമാറാണ്. ഓരോ കഥാപാത്രത്തിനും ഓരോ സംഭാഷണ രീതിയാണുള്ളത്. ഇതിന് സാങ്കേതികവിദ്യയുടെ സഹായവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മേക്കപ്പിലൂടെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാക്കാനും കമലഹാസന്‍ ശ്രമിച്ചിട്ടുണ്ട്. നേരത്തെ മൈക്കിള്‍ മദന്‍ കാമരാജന്‍ എന്ന ചിത്രത്തില്‍ കമലഹാസന്‍ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നും ഏറെ മുന്നോട്ടുപോയി വ്യത്യസ്തമായ ഗെറ്റപ്പുകളിലുള്ള പത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് കമലഹാസന്‍ സ്വീകരിച്ചത്. അസിനാണ് ചിത്രത്തിലെ പ്രധാന നായിക. ബോളിവുഡ് സെക്സ് ബോംബ് മല്ലികാ ഷെരാവത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പൊങ്കല്‍ ചിത്രമായി ജനവരിയിലാണ് ദശാവതാരം റിലീസ് ചെയ്യുന്നത്. ദശാവതാരത്തിന്റെ ചിത്രീകരണത്തിന് 230 ദിവസങ്ങളാണെടുത്തത്. ചിത്രീകരണാനന്തര ജോലികള്‍ നടന്നുവരികയാണ്.

No comments: