Wednesday, December 19, 2007

ചിരിയുടെ വെടിക്കെട്ടുമായി റോമിയോ



(ക‌ര്ടെസീ: വ‌ന് ഇംഡിയാ)
ഈ വര്‍ഷത്ത രണ്ടു സൂപ്പര്‍ഹിറ്റുകളായ മായാവി, ഹലോ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയത് റാഫി മെക്കാര്‍ട്ടിനാണ്. അതില്‍ ഹലോ സംവിധാനം ചെയ്തതും ഈ ജോഡി തന്നെ. പ്രേക്ഷകരെ അടിപ്പെടുത്തുന്ന വിധത്തില്‍ നര്‍മം പതഞ്ഞുപൊന്തുന്ന രംഗങ്ങള്‍ ചേര്‍ത്തുവച്ച് ഹിറ്റുകളൊരുക്കാനുള്ള വിദ്യ തങ്ങള്‍ക്കു നേരത്തെ വശമുണ്ടെന്ന് റാഫി മെക്കാര്‍ട്ടിന്‍ തങ്ങളുടെ ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്. അതു തന്നെയാണ് ഹലോയിലും റോമിയോയിലും കണ്ടത്. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുകയോ തിരക്കഥയും സംവിധാനവും ഒരുമിച്ച നിര്‍വഹിക്കുകയോ ചെയ്ത ചിത്രങ്ങളില്‍ മിക്കതും ആദ്യന്തം പ്രേക്ഷകരെ രസിപ്പിക്കുന്ന 'നര്‍മലഹള'കളാണ്. നര്‍മം കൊണ്ടുള്ള ലഹളകള്‍ എന്നു വേണം ഈ ചിത്രങ്ങളെ വിശേഷിപ്പിക്കാന്‍. സിനിമയില്‍ കാണുന്നതെന്തിനും യുക്തി വേണമെന്ന നിര്‍ബന്ധമില്ലാത്ത പ്രേക്ഷകരെ ഈ സിനിമകള്‍ ആദ്യന്തരം രസിപ്പിക്കും. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി രാജസേനന്‍ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രവും ഈ ഗണത്തില്‍ പെടുന്നു. തമാശക്കു മാത്രമായി ഉണ്ടാക്കിയെടുത്ത രംഗങ്ങളാണ് ഈ ചിത്രത്തില്‍ മിക്കതും. കഥ തന്നെ അത്തരമൊരു ലക്ഷ്യത്തോടെ രൂപപ്പെടുത്തിയെടുത്തതാണ്. കഥാസന്ദര്‍ഭങ്ങളില്‍ നിന്നും വികസിക്കുന്ന നര്‍മത്തില്‍ നിന്നും വ്യത്യസ്തമായി ഇവിടെ നര്‍മം കുത്തിവയ്ക്കുകയാണ്. മനു(ദിലീപ്)വാണ് ചിത്രത്തിലെ റോമിയോ. പാട്ടിനെയും പെണ്‍കുട്ടികളെയും അവനിഷ്ടമാണ്. ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ മെയില്‍ നഴ്സായി ജോലി ചെയ്യുന്ന മനുവിന്റെ അച്ഛന്‍ രതീഷ് കുമാര്‍ (കൊച്ചിന്‍ ഹനീഫ) സിനിമക്കാരനെന്ന് സ്വയം പറഞ്ഞു നടക്കുന്ന ഭാഗ്യാന്വേഷിയായ ഒരു നടനാണ്. മനുവിന്റെ അമ്മ (മല്ലികാ സുകുമാരന്‍) ടിവിയിലെ റിയാലിറ്റി ഷോയായ കിറ്റക്സ് മെഗാ സിംഗറിന്റെ ജഡ്ജാണ്. വീട്ടുകാര്യത്തിനായി രതീഷ് കുമാര്‍ ഒന്നും സമ്പാദിക്കുന്നില്ല. താന്‍ ഷോ ജ‍ഡ്ജ് ചെയ്താണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതെന്ന അഹങ്കാരമുണ്ട് മനുവിന്റെ അമ്മയ്ക്ക്. മനുവിന്റെ ആശുപത്രിയിലെ ഡോക്ടറായ പ്രിയ (വിമലാ രാമന്‍)ക്ക് മനുവിനോട് കടുത്ത പ്രണയമാണ്. അതിനിടെ റിയാലിറ്റി ഷോയിലെ ഒരു പ്രധാന മത്സരാര്‍ത്ഥിയായ ലീന(സംവൃത)യോട് മനുവിന് പ്രണയം. ഷോയില്‍ മുന്നിലെത്താന്‍ ലീനയുടെ അച്ഛന്‍ അവറാച്ചന്‍ (ഭീമന്‍ രഘു) അഞ്ച് ലക്ഷം രൂപ കൈക്കൂലിയുമായി മനുവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ആ ശ്രമം തിരിച്ചടിയായി. ലീനക്ക് മത്സരത്തില് മുന്നിലെത്താനായില്ല. മനുവിന് ലീനയോട് പ്രണയമാണെന്നറിഞ്ഞ അവറാച്ചന്‍ ലീനയെ വിവാഹം കഴിക്കണമെങ്കില്‍ മനു മതം മാറി ക്രൈസ്തവനാവണമെന്ന് ശഠിക്കുന്നു. മനു മതം മാറി മാനുവലായി. പക്ഷേ അവറാച്ചന്‍ മനുവിന്റെ അമ്മയോട് പക തീര്‍ക്കുകയായിരുന്നു. വിവാഹം നടന്നില്ല. ലീനയെ വിവാഹം ചെയ്യാനായി മതം മാറിയതിന്റെ പേരില്‍ അയാള്‍ അപഹസിക്കപ്പെടുന്നു. അയാളുടെ ജോലിയും നഷ്ടപ്പെടുന്നു. മനുവിന്റെ സുഹൃത്തായ പ്രശാന്ത് (സുരാജ് വെ‍ഞ്ഞാറമ്മൂട്) മനുവിന് മറ്റൊരു ജോലി തരപ്പെടുത്തുന്നു. ഒരു അഗ്രഹാരത്തില്‍ കഴിയുന്ന മാനസിക പ്രശ്നങ്ങളുള്ള രാമനാഥന്‍ (റിസബാവ) എന്നയാളെ പരിചരിക്കുക എന്നതാണ് ജോലി. വീണ്ടും മെയില്‍ നഴ്സിന്റെ ജോലി ഏറ്റെടുത്ത് മനു അഗ്രഹാരത്തിലെത്തുന്നു. അഗ്രഹാരത്തില്‍ കയറിപ്പറ്റാനായി അയാള്‍ സുബ്രഹ്മണി എന്ന് പേര് മാറ്റുന്നു. അവിടെ വച്ച് മനു ഭാമ (ശ്രുതിലക്ഷ്മി)യുമായി പരിചയപ്പെടുന്നു. നന്നായി പാടുന്ന പെണ്‍കുട്ടിയാണ് ഭാമ. മനു എന്ന സുബ്രഹ്മണിയില്‍ ഒരു ഗായകനുണ്ടെന്ന് അറിഞ്ഞതോടെ അവള്‍ക്ക് അവനെ ഇഷ്ടമായി. അത് അനുരാഗമായി. പക്ഷേ അതിനിടെ അയാള്‍ പേര് മാറ്റി അഗ്രഹാരത്തിലെത്തിയതാണെന്ന സത്യം കണ്ടുപിടിക്കപ്പെടുന്നു. ഇതിനിടയിലാണ് പ്രിയയുടെ അച്ഛന്‍ സിബിഐ ഓഫീസറായ രാഘവ മേനോന്‍ മനുവും പ്രിയയും ചേര്‍ന്നുള്ള ഫോട്ടോ കണ്ടത്. കഥാന്ത്യം രാഘവ മേനോന്റെ റിസോര്‍ട്ടില്‍ വച്ചാണ്. ഇവിടെ എല്ലാ കഥാപാത്രങ്ങളും ഒത്തുചേരുന്നു. മൂന്ന് പെണ്‍കുട്ടികളും മനുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി മുന്നോട്ടുവരുന്നു. നര്‍മ ലഹള അതിന്റെ പാരമ്യത്തിലെത്തുന്നത് ക്ലൈമാക്സിലാണ്.സിനിമാക്കഥക്കു യുക്തി വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലാത്ത പ്രേക്ഷകര്‍ക്ക് ആസ്വാദ്യമാവുന്ന എല്ലാ മസാലകളും ഈ ചിത്രത്തിലുണ്ട്. ദിലീപ് തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. ദിലീപിന്റെ മാനറിസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രംഗങ്ങള്‍ എഴുതിയുണ്ടാക്കാന്‍ റാഫി മെക്കാര്‍ട്ടിന് സാധിച്ചിട്ടുണ്ട്. സുരാജ് വെ‍ഞ്ഞാറമ്മൂടിന്റെ സാന്നിധ്യം നര്‍മ രംഗങ്ങളെ കൊഴുപ്പിക്കുന്നുണ്ട്. നീണ്ട ഇടവേളക്കു ശേഷം രാജസേനന്‍ 'വൃത്തിയായി' ചെയ്തൊരു ചിത്രമാണ് റോമിയോ. അതിന് ശിഷ്യര്‍ കൂടിയായ റാഫി മെക്കാര്‍ട്ടിന് രാജസേനന്‍ നന്ദി പറയണം. നല്ല തിരക്കഥയാണ് ഏതൊരു സംവിധായകന്റെയും നിലനില്പ് ഭദ്രമാക്കുന്നതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.

No comments: